Home / ഇസ്‌ലാം / വിശ്വാസം / വിശ്വാസം-ലേഖനങ്ങള്‍ / വിമോചനപോരാട്ടങ്ങളുടെ മുഹര്‍റം
muharram

വിമോചനപോരാട്ടങ്ങളുടെ മുഹര്‍റം

മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്. ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയ ഒരു മാസമായതുകൊണ്ടും മുഹര്‍റത്തെ ആവേശത്തോടും ആഹ്ലാദത്തോടും കൂടിയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള പലായനം , അടിച്ചമര്‍ത്തലില്‍നിന്നുള്ള വിമോചനം, അക്രമികളുടെ കൈകളില്‍ നിന്നുള്ള വിമോചനം, ഭീകരഭരണകൂടങ്ങളുടെ കൈകളില്‍നിന്നുള്ള രാഷ്ട്രീയാധികാരത്തിന്റെ വീണ്ടെടുപ്പ്, രാജവാഴ്ചക്കെതിരെ നടത്തിയ ജനകീയപോരാട്ടം തുടങ്ങി അവിസ്മരണീയ സംഭവങ്ങള്‍ മുഹര്‍റത്തിന് സവിശേഷമായ ചരിത്രപ്രാധാന്യം നല്‍കിയിട്ടുണ്ട്.

ചില വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും തീയതികള്‍ക്കും പ്രാധാന്യം കിട്ടുന്നത് അസാധാരണമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നതിലൂടെയാണ്. അതു ചിലപ്പോള്‍ യുദ്ധമോ ബോംബുവര്‍ഷമോ ജനനമോ മരണമോ ആഘോഷമോ പ്രകൃതിദുരന്തമോ ഒക്കെയാവാം. 1857 എന്ന കൊല്ലം പ്രസക്തമാകുന്നത് വിദേശാധിപത്യത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടം ആ വര്‍ഷത്തിലാരംഭിച്ചത് എന്നതിനാലാണ്. ജൂണ്‍ 6 എന്ന തീയതി കടന്നുവരുന്നത് നമ്മില്‍ ഭീതിദമായ ഓര്‍മ അങ്കുരിപ്പിച്ചുകൊണ്ടാണല്ലോ. അന്നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക ബോംബുവര്‍ഷം നടത്തി ആയിരങ്ങളെ ചുട്ടെരിച്ചത്. ചിങ്ങം കേരളീയരെ സംബന്ധിച്ചിടത്തോളം സമൃദ്ധിയുടെയും സമഭാവനയുടെയും നന്‍മയുടെയും ഒരുമയുടെയും മാസമാണ്. ചില തീയതികള്‍ ചരിത്രത്തിലിടം പിടിച്ചത് മഹാപുരുഷന്‍മാരുടെ ജനനം കൊണ്ടായിരുന്നു എന്ന് നമുക്കറിയാം. ആരുടെയെങ്കിലും ജനനം കൊണ്ടല്ല മുഹര്‍റം ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ലോകത്തെ അറിയപ്പെടുന്ന ഏതെങ്കിലും മഹാന്‍ മുഹര്‍റത്തില്‍ ജനിച്ചിട്ടുണ്ടോ എന്ന് അറിയില്ല.
ചരിത്രത്തില്‍ നിരവധി ഏകാധിപതികള്‍ കടന്നുപോയിട്ടുണ്ട്. നികൃഷ്ടന്‍മാരും ക്രൂരന്‍മാരും ഭീകരന്‍മാരുമെല്ലാം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ജന്‍മദത്തമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൗരന്‍മാര്‍ക്ക് നിഷേധിക്കുകയും ഭീതിയുടെയും ഉല്‍കണ്ഠയുടെയും പരിസരം ബോധപൂര്‍വം സൃഷ്ടിച്ച് അവുരടെ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്നിടത്തേക്ക് അധികാരപ്രക്രിയ കരാളത പ്രാപിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയാധികാരി ഏകാധിപതിയാവുന്നത്. അതോടെ അയാള്‍ വേട്ടക്കാരന്റെ മൃഗീയതയിലേക്കും തരംതാഴും. നീതി , ധര്‍മം, സഹാനുഭൂതി, കാരുണ്യം തുടങ്ങിയ വാക്കുകള്‍ പിന്നീടയാളുടെ നിഘണ്ടുവില്‍ നിന്നുതന്നെ അപ്രത്യക്ഷമാവും. ഈജിപ്ത് എന്ന രാജ്യത്ത് മാറിമാറി ഭരിച്ച ഫറോവമാര്‍ തദ്ദേശീയരായ ഇസ്രയേലുകാരുടെ നേര്‍ക്ക് അഴിച്ചുവിട്ട പൈശാചിക താണ്ഡവങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതായിരുന്നു. പിറന്നുവീഴുന്ന ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ വകവരുത്തുക, സ്ത്രീകളെ ജീവഛവങ്ങളാക്കി നാണം കെടുത്തിയും കോലംകെടുത്തിയും അവശേഷിപ്പിക്കുക, അങ്ങനെ ഒരു ജനതയുടെ അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച ബോധത്തെപ്പോലും ഷണ്ഠീകരിച്ച അധികാരശക്തിയാല്‍ അഭിരമിക്കുക, ഇത്തരം ഭീഷണമായൊരു സാഹചര്യത്തിലാണ് മോസസ്സ്(മൂസ) എന്ന പ്രവാചകന്‍ ഈജിപ്തില്‍ ഇസ്രായേല്യരുടെ വിമോചകനായി ജനിക്കുന്നത്, പോരാളിയായി വളരുന്നത്, സ്വന്തം ജനതയുടെ സ്വാതന്ത്ര്യം എന്ന നിയോഗം ഏറ്റെടുക്കുന്നത്. അതീന്ദ്രിയജ്ഞാനത്തിന്റയും ദൈവികവെളിപാടി(തോറ)ന്റെയും പിന്‍ബലത്തില്‍ അധികാരശക്തിയെ വെല്ലുവിളിക്കുന്നത്, ഫറോവയുടെ ഏകാധിപത്യത്തിനെതിരെ പട നയിക്കുന്നത്, പ്രവാചകനായ മോസസ്സ് ഇസ്രയേല്യരെ ഫറോവയുടെ കിരാതവാഴ്ചയില്‍നിന്ന് മോചിപ്പിച്ചത് മുഹര്‍റം പത്തിനായിരുന്നു. ഇസ്രയേല്യരുടെ പിന്‍മുറക്കാരായ യഹൂദജനത പ്രസ്തുത സംഭവത്തെയും ദിനത്തെയും നന്ദിപൂര്‍വം അനുസ്മരിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുമായിരുന്നു. പ്രവാചകന്‍ മോസസ്സി(മൂസ)നോട് കൂടുതല്‍ കടപ്പാടുള്ളവര്‍ എന്ന നിലയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയും മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കാന്‍ തന്റെ അനുചരന്‍മാരെ ഉപദേശിക്കുകയുണ്ടായി. ലോകത്തുള്ള വിശ്വാസികള്‍ അങ്ങനെയാണ് മുഹര്‍റം പത്ത് നോമ്പനുഷ്ഠിച്ചുകൊണ്ട് ആചരിക്കാനാരംഭിച്ചത്.
മോസസ്സ് ഇസ്രയേല്യരെ ഫറോവയില്‍ നിന്ന് മോചിപ്പിച്ചത് അത്ഭുത സിദ്ധിയിലൂടെയായിരുന്നില്ല. സാഹസപൂര്‍ണമായ സ്വാതന്ത്ര്യപോരാട്ടത്തിലൂടെയായിരുന്നു. നിസംഗതകൊണ്ടോ അധമമായ നിശബ്ദതകൊണ്ടോ ഒരു ജനതയ്ക്ക് ഭീകരമായ ഭരണാധികാരത്തെ തെറിപ്പിക്കാന്‍ കഴിയില്ല. ആത്മവിശുദ്ധിയുടെ അടിത്തറയില്‍ നിന്ന് ലക്ഷ്യബോധത്തോടെ അധര്‍മത്തോട് കലഹിക്കാനുള്ള ആര്‍ജവം ഇസ്രയേല്യരില്‍ മോസസ്സ് വളര്‍ത്തിയെടുത്തിരുന്നു. സഹിക്കാനും ത്യജിക്കാനും തയ്യാറാവുന്ന രണോത്സുക മനസ്സ് അവരില്‍ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു.
സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും നിഷേധിക്കുന്ന ഭരണകൂട ഭീകരതകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അത്തരം ഭരണകൂടഭീകരതകളെ താങ്ങി നിര്‍ത്തുന്നതാകട്ടെ സാമ്രാജ്യത്ത -മൂലധന കോര്‍പറേറ്റ് ശക്തികളാണ്. മറ്റൊരു മുഹര്‍റമാസം കടന്നുവരുന്നത് നിഷേധിക്കപ്പെടുന്ന പൗരാവകാശ-സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സാധ്യമാക്കുന്ന പോരാട്ടങ്ങളുടെ പ്രസക്തി ഓര്‍മപ്പെടുത്തിക്കൊണ്ടുമാണ്. ഇതു രണ്ടും സംഭവിക്കുന്നില്ലെങ്കില്‍ മുഹര്‍റം വരുന്നതിലും പോകുന്നതിലും ഒരര്‍ഥവുമില്ല.

About dr. kunjumuhammad pulavath

Check Also

dream

“നിങ്ങള്‍ക്ക് സ്വപ്‌നങ്ങളില്ലെന്നതാണ് പ്രശ്‌നം”

എന്റെ ആദ്യക്ലാസില്‍  വിദ്യാര്‍ത്ഥികളോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ വാഹനത്തില്‍ കയറിയ ആളോട് എങ്ങോട്ടാണ് …

One comment

  1. Update versionil text copy cheyyan pattunnilla…!

  2. copy cheyyanamayirunnu

Leave a Reply

Your email address will not be published. Required fields are marked *