Home / ചോദ്യോത്തരം / ഫത് വ / ഇസ്‌ലാം-ഫത്‌വ / കുഫ്‌റിന്റെയും കാഫിറിന്റെയും യാഥാര്‍ഥ്യം
A stock photo of a business man blocking the camera
A stock photo of a business man blocking the camera

കുഫ്‌റിന്റെയും കാഫിറിന്റെയും യാഥാര്‍ഥ്യം

‘കാഫിര്‍’ എന്ന പദപ്രയോഗം വഴി മുസ്ലിംകള്‍ ഹിന്ദുക്കളെ നിന്ദിക്കുകയും ശകാരിക്കുകയും ശത്രുക്കളായി അകറ്റുകയും ചെയ്യുന്നുവെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതാണോ ?’

വാസ്തവത്തില്‍ അടിസ്ഥാനരഹിതമായ ഒരു തെറ്റുധാരണയാണിത്. ‘കാഫിര്‍’ എന്ന പദത്തിന്റെ അര്‍ഥം വിശകലനം ചെയ്യുമ്പോള്‍ അത് വ്യക്തമാകുന്നതാണ്. ‘കുഫ്റ്’ എന്ന മൂലപദത്തിന്റെ കര്‍തൃരൂപമാണ് ‘കാഫിര്‍’. മറക്കുക, മൂടുക എന്നാണ് ‘കുഫ്റി’ന്റെ മൌലികമായ ഭാഷാര്‍ഥം. ‘കാഫിര്‍’ എന്നാല്‍ മറക്കുന്നവന്‍, മൂടുന്നവന്‍. വസ്തുക്കളെ ഇരുട്ടുകൊണ്ടുമൂടുന്നത് എന്ന ആശയത്തെ അടിസ്ഥാനമാക്കി രാവിനെ ‘കാഫിര്‍’ എന്നു വിശേഷിപ്പിക്കാറുണ്ട്. കാഫിറിന്റെ അര്‍ഥത്തിന് പുഷ്ടിയേകുന്ന രൂപമാണ് ‘കഫ്ഫാര്‍’. അധികം മറക്കുന്നവന്‍, ഏറെ മൂടുന്നവന്‍ എന്നര്‍ഥം. കാഫിറിന്റെ പര്യായമായും കര്‍ഷകന്‍ എന്ന അര്‍ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്. രണ്ടര്‍ഥങ്ങളിലും ഖുര്‍ആന്‍ ഇതുപയോഗിച്ചതായി കാണാം. 2:276-ലെ ‘വല്ലാഹു ലാ യുഹിബ്ബു കുല്ല കഫ്ഫാറിന്‍ അസീം’ എന്ന വാക്യത്തിന്റെ അര്‍ഥം ‘കഠിനനിഷേധിയും കുറ്റവാളിയുമായ ആരെയും അല്ലാഹു സ്നേഹിക്കുകയില്ല’ എന്നാകുന്നു. 57:20-ലെ ‘അഅ്ജബല്‍ കുഫ്ഫാറ നബാതുഹു’ എന്ന വാക്യത്തിലെ കുഫ്ഫാര്‍, കഫ്ഫാറിന്റെ ബഹുവചനമാണ്. വയലിലെ വിളയുടെ പ്രസരിപ്പാര്‍ന്ന വളര്‍ച്ചയും സമൃദ്ധിയും കര്‍ഷകരെ കൌതുകപ്പെടുത്തി എന്നാണര്‍ഥം. വിത്തുകള്‍ ധാരാളമായി മണ്ണില്‍ കുഴിച്ചുമൂടുന്നവര്‍ എന്ന ആശയം പരിഗണിച്ചാണ് കര്‍ഷകരെ ‘കുഫ്ഫാര്‍’ എന്നു വിളിക്കുന്നത്. ഇതേപോലെ ‘കുഫ്റി’ന്റെ അര്‍ഥത്തെ പുഷ്ടിപ്പെടുത്തുന്ന രൂപങ്ങളാണ് ‘കുഫൂര്‍’, ‘കുഫ്റാന്‍’ എന്നിവ. നന്നായി മൂടുക, കട്ടിയില്‍ മൂടുക എന്നര്‍ഥം. കാഫിറിന് കാഫൂര്‍ എന്നും ഒരുപാഠഭേദമുണ്ട്. പൂക്കുലകളെയും പഴക്കുലകളെയും പൊതിയുന്ന കൊതുമ്പാണ് കാഫൂര്‍. കര്‍പ്പൂരം എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ കാഫൂര്‍ ഉപയോഗിച്ചിട്ടുണ്ട് (86:5).

കുഫ്റില്‍നിന്നുത്ഭവിച്ച മറ്റൊരു പദമാണ് കഫ്ഫാറത്ത്. പ്രായശ്ചിത്തം എന്നാണിതിനര്‍ഥം. പാപങ്ങളെ പരിഹാരക്രിയകള്‍കൊണ്ടു മൂടുകയാണല്ലോ പ്രായശ്ചിത്തം. ഖുര്‍ആന്‍ 5:89-ാം സൂക്തത്തില്‍ ‘ദാലിക കഫ്ഫാറതു അയ്മാനികും’ (അത് നിങ്ങളുടെ പ്രതിജ്ഞാലംഘനത്തിനുള്ള പ്രായശ്ചിത്തമാകുന്നു) എന്ന് പ്രസ്താവിക്കുന്നുണ്ട്. മൂടുക, മറക്കുക എന്നീ അര്‍ഥങ്ങളില്‍നിന്നുതന്നെ കുഫ്റിന് നന്ദികേട് എന്ന അര്‍ഥവും വന്നുചേര്‍ന്നു. അപരനില്‍നിന്ന് തനിക്ക് ലഭിച്ച ഉപകാരങ്ങളും ഔദാര്യങ്ങളും മറക്കുകയും മറച്ചുവെക്കുകയുമാണല്ലോ നന്ദികേട്. ഈ അര്‍ഥത്തില്‍ ഖുര്‍ആന്‍ 2:152-ല്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘വശ്കുറൂ ലീ വലാ തക്ഫുറൂന്‍’ (എന്നോട് നന്ദിയുള്ളവരായിരിക്കുവിന്‍, കൃതഘ്നരാവാതിരിക്കുവിന്‍). മറക്കുക, മൂടുക എന്ന ആശയത്തെ ആധാരമാക്കിത്തന്നെയാണ് കുഫ്റിന് നിഷേധം എന്ന അര്‍ഥവും സിദ്ധിച്ചത്. താന്‍ ഗ്രഹിച്ച സംഗതി തള്ളിക്കളയുകയോ മറച്ചുവെക്കുകയോ ആണല്ലോ നിഷേധം. ഈ ആശയത്തെ സൂചിപ്പിക്കാനാണ് വിശുദ്ധഖുര്‍ആന്‍ കുഫ്റും അതിന്റെ തത്ഭവങ്ങളും അധികം ഉപയോഗിച്ചിട്ടുള്ളത്. ഈ പദങ്ങള്‍ ഇസ്ലാമിന്റെ സാങ്കേതികസംജ്ഞകളില്‍ ഉള്‍പ്പെട്ടതും ഈ അടിസ്ഥാനത്തില്‍ തന്നെ. മുസ്ലിംകള്‍ സാധാരണയായി കാഫിര്‍ എന്നുപയോഗിക്കുന്നത് അമുസ്ലിം അഥവാ ഇസ്ലാംമതത്തില്‍ വിശ്വസിക്കാത്തവന്‍ എന്ന അര്‍ഥത്തിലാണ്. ഇത് അത്ര സൂക്ഷ്മമായ പ്രയോഗമല്ല. യഥാര്‍ഥത്തില്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവര്‍ എല്ലാം കാഫിര്‍ ആകുന്നില്ല. ഇസ്ലാമിനെ ശരിക്ക് ഗ്രഹിച്ചശേഷം നിഷേധിക്കുന്നവനാണ് യഥാര്‍ഥ കാഫിര്‍. ഇസ്ലാമിനെ അറിയാത്തതുകൊണ്ടോ മനസ്സിലാക്കാത്തതുകൊണ്ടോ മാറിനില്‍ക്കുന്നവന്‍ ജാഹില്‍ (അജ്ഞന്‍) ആകുന്നു.

ഇസ്ലാമികപണ്ഡിതന്മാര്‍ കാഫിറിനെ നിര്‍വചിച്ചിട്ടുള്ളതിങ്ങനെയാണ്: “ഏകദൈവത്വം, പ്രവാചകത്വം, ശരീഅത്ത് ഈ മൂന്നു കാര്യങ്ങളെ മുഴുവനായോ അല്ലെങ്കില്‍ അതില്‍ ഏതെങ്കിലുമൊന്നിനെയോ നിഷേധിക്കുന്നവനാകുന്നു കാഫിര്‍” (ഇമാം റാഗിബ് -അല്‍ മുഫ്റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍). ഈ മൂന്നു കാര്യങ്ങളെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാത്തവന്‍ അതിനെ നിഷേധിക്കുന്ന പ്രശ്നമില്ലല്ലോ. ഈ അര്‍ഥവിശകലനത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നു. കാഫിര്‍ സഭ്യേതരമോ നിന്ദാസൂചകമോ ആയ പദമല്ല. മുസ്ലിംകള്‍ അമുസ്ലിംകളെ മൊത്തത്തില്‍ കാഫിറുകള്‍ എന്നു വിളിക്കുന്നതില്‍ അനവധാനതയുണ്ടെങ്കില്‍ കൂടി അതൊരു ശകാരമോ ഭര്‍ത്സനമോ ആകുന്നില്ല. മനുഷ്യന്‍ ചില സംഗതികളില്‍ സ്വീകരിക്കുന്ന സമീപനത്തെ ആസ്പദിച്ചുള്ള ഒരു വിശേഷണം മാത്രമാണ് കാഫിര്‍. കാഫിര്‍ എന്ന സംജ്ഞയോട് സംഘ്പരിവാറിന് അലര്‍ജി തോന്നുന്നുവെങ്കില്‍ അതിനു കാരണം ആ പദത്തിന്റെ അര്‍ഥമോ ഇസ്ലാമോ അല്ല. പ്രത്യുത, ഹൈന്ദവപാരമ്പര്യം തന്നെയാണ്.

പൂര്‍വകാലങ്ങളില്‍ ഹിന്ദുക്കള്‍ അവരല്ലാത്തവരെ വിളിച്ചിരുന്നത് മ്ളേഛന്‍, നീചന്‍, അസുരന്‍, ദസ്യു, അയിത്തക്കാരന്‍ എന്നൊക്കെയായിരുന്നു. ഈ പേരുകളെല്ലാം സൂചിപ്പിക്കുന്നത് അങ്ങനെ വിളിക്കപ്പെടുന്നവരുടെ അധമത്വത്തെയും നിന്ദ്യതയെയും വിളിക്കുന്നവരുടെ വരേണ്യതയെയും മേധാവിത്വത്തെയുമാണ്. വൃത്തികെട്ടവരും താണവരും അശുദ്ധരുമാണ് മ്ളേഛന്മാര്‍. അധമരും മാനുഷികാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരുമാണ് നീചന്മാര്‍. വിശിഷ്ടരും സ്വര്‍ഗലോകവാസികളുമാകുന്നു സുരന്മാര്‍. അതിന്റെ വിപരീതമാണ് അസുരന്മാര്‍. ദുഷ്ടരും നരകീയരും ശിഷ്ടജനവിരോധികളുമാണവര്‍. സവര്‍ണവര്‍ക്ക് അഥവാ ബ്രാഹ്മണര്‍ക്ക് ദാസ്യവൃത്തി ചെയ്യേണ്ടവരാണ് ദസ്യുക്കള്‍. ദ്രാവിഡര്‍ മുഴുവന്‍ ദസ്യുക്കളാണ്. ഹിന്ദുമതം സ്വീകരിച്ചാല്‍ പോലും മ്ളേഛര്‍ക്കും അസുരന്മാര്‍ക്കും ദസ്യുക്കള്‍ക്കും സുരന്മാരോ ബ്രാഹ്മണരോ സവര്‍ണരോ ഒന്നും ആയിത്തീരാനാവില്ല. അത്രക്ക് നീചരാണ് അവരൊക്കെ. ജീര്‍ണമായ ഈ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് പരിവാര്‍ സംഘടനകള്‍ കാഫിറിനെ വിലയിരുത്തുന്നത്. കാഫിര്‍ എന്ന ശബ്ദത്തെ മ്ളേഛന്‍, അസുരന്‍, ദസ്യു തുടങ്ങിയ നിന്ദാസൂചകവും അവഹേളനപരവുമായ സംബോധനയായി കേള്‍ക്കുകയാണവര്‍. പക്ഷേ, പരിവാര്‍ സംഘങ്ങള്‍ ധരിക്കുന്നതുപോലുള്ള ദുരര്‍ഥങ്ങളൊന്നും കുഫ്റിനും കാഫിറിനും ഇല്ല. മുസ്ലിംകള്‍ കാഫിര്‍ എന്നു പറയുമ്പോള്‍ ഇസ്ലാമിനെ സ്വീകരിക്കാത്ത, അല്ലെങ്കില്‍ നിഷേധിക്കുന്ന ആള്‍ എന്നേ അര്‍ഥമുള്ളൂ. അല്ലാതെ നീചന്‍, നിന്ദ്യന്‍, മ്ളേഛന്‍ തുടങ്ങിയ അര്‍ഥങ്ങളൊന്നും അതിനില്ല. കുഫ്റിനെ (നിഷേധത്തെ) സ്വയം ഒരു നികൃഷ്ടതയോ തിന്മയോ ആയി ഇസ്ലാം കാണുന്നുമില്ല. നിഷേധിക്കപ്പെടുന്നതിന്റെ മൂല്യമാണ് നിഷേധത്തെ വര്‍ജ്യമോ വരേണ്യമോ ആക്കുന്നത്. നിഷേധിക്കപ്പെടുന്നത് സത്യവും ധര്‍മവുമാണെങ്കില്‍ ആ നിഷേധം നികൃഷ്ടവും നിഷിദ്ധവുമാകുന്നു. അസത്യവും അധര്‍മവുമാണ് നിഷേധിക്കപ്പെടുന്നതെങ്കില്‍ അത് മനുഷ്യന്‍ നിര്‍ബന്ധബാധ്യതയായി അനുശാസിക്കപ്പെട്ട നിഷേധമാകുന്നു.

ഈ കുഫ്റ് (നിഷേധം) മുസ്ലിംകളോട് തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ അനുശാസിക്കപ്പെട്ടിരിക്കുന്നു. 2:256-ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: ഫമന്‍ യക്ഫുര്‍ ബിത്വാഗൂതി വയുഅ്മിന്‍ ബില്ലാഹി ഫഖദ് ഇസ്തംസക ബില്‍ ഉര്‍വതില്‍ വുസ്ഖാ (പൈശാചികശക്തികളുടെ നേരെ കാഫിര്‍ -നിഷേധി- ആവുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവന്‍ ബലിഷ്ഠമായ പിടിക്കയറില്‍ പിടിച്ചിരിക്കുന്നു). ഈമാന്റെ (വിശ്വാസം) മറുവശമാണ് കുഫ്റ് എന്നത്രെ ഈ വാക്യം വ്യക്തമാക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ മുന്നുപാധിയാണ് പൈശാചികശക്തികളോടുള്ള നിഷേധം. അതില്ലാതെ വിശ്വാസം പൂര്‍ണമാകുന്നതല്ല. പൈശാചികശക്തികളുടെ കാഫിര്‍ ആണ് യഥാര്‍ഥ മുസ്ലിം. കുഫ്റും കാഫിറാകലും (നിഷേധവും നിഷേധിയാവലും) സ്വയം തിന്മയായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ മുസ്ലിംകളോട് അതനുശാസിക്കുകയില്ലായിരുന്നു. ഇനി സംഘ്പരിവാറിന്റെ ഇംഗിതമനുസരിച്ച് കാഫിര്‍ ശബ്ദം മതസംജ്ഞകളില്‍നിന്നും വേദത്തില്‍നിന്നും മുസ്ലിംകള്‍ മായ്ച്ചുകളഞ്ഞു എന്നു തന്നെ വെക്കുക. എന്നാലും ഇസ്ലാമിനെ നിഷേധിക്കുന്നവരെ കുറിക്കാന്‍ മറ്റൊരു പദം വേണ്ടിവരുമല്ലോ. അതിന് സംഘ്പരിവാര്‍ നിശ്ചയിച്ചുതന്ന ഒരു പദം തന്നെ സ്വീകരിച്ചുവെന്നും വെക്കുക. അപ്പോള്‍ ആ പദവും ഇന്ന് കാഫിര്‍ എന്ന പദം വഹിക്കുന്ന അര്‍ഥം തന്നെയല്ലേ വഹിക്കുക? മണ്‍വെട്ടിയുടെ പേര് എഴുത്താണി എന്നാക്കി മാറ്റിയാല്‍ മണ്‍വെട്ടി മണ്ണുകിളക്കാന്‍ പറ്റാത്തതും കടലാസില്‍ എഴുതാന്‍ പറ്റുന്നതുമായ ഉപകരണമായിത്തീരുമോ? നേരത്തെ മ്ളേഛരും അസുരരും നീചരുമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ദലിതര്‍, ബൌദ്ധര്‍, സിക്കുമതക്കാര്‍ തുടങ്ങിയവരെ അടുത്തകാലത്തായി പരിവാര്‍ സംഘങ്ങള്‍ ഹിന്ദുക്കള്‍ എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്. അതുപോലെ മുസ്ലിംകള്‍ ഹൈന്ദവസഹോദരന്മാരെ മുസ്ലിംകള്‍ എന്നു തന്നെ വിളിച്ചുതുടങ്ങിയാല്‍ സംഘ്പരിവാര്‍ സമ്മതിക്കുമോ?

 

About islam padasala

Check Also

Directional signs pointing to various religions

മതം ഭിന്നിപ്പുണ്ടാക്കിയോ !

ചോദ്യം: “മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട് ? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത് ? അങ്ങനെയാണെങ്കില്‍ …

Leave a Reply

Your email address will not be published. Required fields are marked *