Tue05312016

Back You are here: Home

Articles

ഡോ. മുഹ് യിദ്ദീന്‍ ആലുവായി: അറബിയേക്കാള്‍ അറബിഭാഷയെ സ്‌നേഹിച്ച അനറബി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ അറബി ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന എന്റെ ഒരു മുന്‍ വിദ്യാര്‍ഥിയെ അടുത്ത ദിവസം കാണാനിടയായി. എന്തൊക്കെ പഠിക്കുന്നു എന്ന് ഞാന്‍ അയാളോട് ചോദിച്ചു. ''ക്ലാസിക്ക് - മോഡേണ്‍ അറബിക് പഠിക്കുന്നു.'' പതിവു മറുപടി. ''മോഡേണ്‍ അറബി സാഹിത്യത്തില്‍ ആരെയൊക്കെ പഠിക്കുന്നു?'' എന്റെ അടുത്ത ചോദ്യം. ''അഹ്മദ് ശൗഖി, ഖലീല്‍ ജിബ്‌റാന്‍, ഖലീല്‍ മിത്വ്‌റാന്‍...'' അയാള്‍ പട്ടിക നിരത്തി. ഞാന്‍ അമ്പരന്നു. ഇവരൊക്കെ അറബി സാഹിത്യത്തിലെ മഹാരഥന്‍മാരായിരുന്നു എന്നത് നേര്. പക്ഷേ, ഈ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ മോഡേണ്‍ എന്നും പറഞ്ഞവതരിപ്പിക്കുന്നത് അര നൂറ്റാണ്ടെങ്കിലും പിന്നിട്ട പ്രതിഭകളെയാണ്. അത് വേണ്ടെന്നല്ല. സാമൂഹിക ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങളാണ് സംഭവിക്കുന്നത്. ഗവേഷണ പഠനമാണ് ഒരു സര്‍വകലാശാലയുടെ മുഖ്യ അജണ്ടയെങ്കില്‍ അത് കാലത്തോടൊപ്പം ചലിച്ചേ പറ്റൂ. നമ്മുടെ കലാശാലകള്‍ പക്ഷേ, ഒച്ചുവേഗതയില്‍ ഇഴയുകയാണ്. അറബിസാഹിത്യ രംഗത്താണ് ഇത് ഏറ്റവും പ്രകടമാകുന്നത്.

ആധുനിക അറബികലാശാലകളുമായും അറബി സാഹിത്യലോകവുമായുമുള്ള ബന്ധത്തിന്റെ അഭാവത്തില്‍, കാലഹരണപ്പെട്ട പാഠ്യപദ്ധതിയും റഫറന്‍സ് ഗ്രന്ഥങ്ങളുമായി കാലം കഴിക്കുന്നു. ഭാഷാ പഠനം കേവലം ഉപജീവനമാര്‍ഗമായാല്‍ സംഭവിക്കുന്ന ദുര്യോഗമാണിത്. ഭക്ഷിണേന്ത്യന്‍ യുണിവേഴ്‌സിറ്റികളിലെ സീനിയര്‍ അറബി പ്രൊഫസര്‍മാരുടെ ഒരു റിഫ്രഷര്‍ കോഴ്‌സില്‍ ആധുനിക അറബി പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താന്‍ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അറബിയില്‍ ഒരു മണിക്കൂര്‍ നീണ്ട വിഷയാവതരണത്തിനു ശേഷം ചര്‍ച്ചകളുടെ ഊഴം വന്നു. ആശ്ചര്യമെന്നു പറയട്ടെ, അറബിയില്‍ ഒരു വാചകം പോലും പറയാന്‍ പ്രൊഫസര്‍മാര്‍ തയ്യാറായില്ല. ചര്‍ച്ച ഇംഗ്ലീഷിലോ മാതൃഭാഷയിലോ ആണെങ്കില്‍ പങ്കെടുക്കാമെന്ന വിനയപൂര്‍വ്വമായ പ്രതികരണവും വന്നു.
നൂറ്റാണ്ടുകളായി അറബ് ലോകവുമായും അറബിഭാഷയുമായും ബന്ധം പുലര്‍ത്തിവന്ന കേരളത്തിലെ ഇന്നത്തെ അക്കാദമിക് ചരിത്രമാണിത്. തുഹ്്ഫത്തുല്‍ മുജാഹിദീനും ഫത്ഹുല്‍ മുഈനും ലോകത്തിന് നല്‍കിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കേരളക്കാരനായിരുന്നുവെന്ന് ബഡായി പറഞ്ഞിട്ടെന്തുകാര്യം. ഇന്നും കേരളത്തില്‍ അറബി ഭാഷയിലും സാഹിത്യത്തിലും വൈദഗ്ധ്യം നേടിയവരുണ്ടെന്നത് വാസ്തവമാണ്. പക്ഷേ വിശുദ്ധ ഖുര്‍ആന്റെ ഭാഷയും ലോകഭാഷയുമായ അറബിപഠിക്കാനും വളരാനും വികസിക്കാനും വേണ്ടത്ര സാഹചര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ മുസ്്‌ലിം സമൂഹം വിമുഖത കാട്ടുന്നതാണ് നിര്‍ഭാഗ്യകരം. ഈ പൊതുപ്രവണതക്ക് തികച്ചും അപവാദമായിരുന്നു ഡോ.മുഹ്‌യുദ്ദീന്‍ ആലുവായ്. അദ്ദേഹം പരമ്പരാഗതമായി പഠിച്ച അറബിയില്‍ തന്റെ ഭാഗധേയത്തെ ബന്ധിപ്പിക്കുകയും കഠിനാധ്വാനത്തിലൂടെ ആധുനിക അറബി സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ആകാശവാണി ഡല്‍ഹി നിലയത്തിലെ അറബിവിഭാഗത്തില്‍ കയറിപ്പറ്റിയ ആലുവായ്, കൈറോവിലെ ഇന്ത്യന്‍ എംബസിയിലും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും സേവനം അനുഷ്ഠിച്ച ശേഷം മദീന ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. പില്‍ക്കാലത്ത് ഖത്തറിലെ അശ്ശര്‍ഖ് പത്രത്തിന്റെ പത്രാധിപസമിതി അംഗമായിരിക്കെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക ജീവിതത്തിന്റെയും ബഹുമുഖവ്യക്തിത്വത്തിന്റെയും വിസ്മയാവഹമായ അധ്യായങ്ങള്‍ സൗമ്യമായി അവതരിപ്പിച്ചത് ഇന്നും മധുരസ്മരണയായി അവശേഷിക്കുന്നു. ദോഹയില്‍ ആയിരുന്നപ്പോള്‍ മാധ്യമം ബ്യൂറോയുടെ ഉപദേഷ്ടാവായിരിക്കാന്‍ അദ്ദേഹം സമയം കണ്ടത് കൃതജ്ഞതയോടെ അനുസ്മരിക്കണം. ആയുഷ്‌ക്കാലത്തിലധികവും പ്രവാസിയായികഴിഞ്ഞ ഡോ.ആലുവായ് ജീവിതസായാഹ്നം ജന്മനാടിന്റെ സാംസ്‌കാരിക മേഖലയെ ധന്യമാക്കാന്‍ ചെലവിടണമെന്ന് തീരുമാനിച്ചത് തലമുറകള്‍ക്ക് അനുഗ്രഹമായി ഭവിച്ചു. ബിരുദാനന്തര പ്രബോധനപഠനം ലക്ഷ്യമാക്കി കോഴിക്കോട് വെള്ളിമാട്കുന്നില്‍ ജമാഅത്തെ ഇസ്്‌ലാമി ആരംഭിച്ച ദഅ്‌വാ കോളേജിന്റെ മേധാവിയായി ഡോ.ആലുവായ് ചുമതലയേറ്റതു മുതല്‍ അദ്ദേഹവുമായുള്ള ബന്ധം സുദൃഢമാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആര്‍ട്‌സ് ആന്റ് ഇസ്്‌ലാമിക് കോഴ്‌സിലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് വേണ്ടി ഈ ലേഖകന്‍ തയ്യാറാക്കിയ ഒരു അറബിസെലക്ഷന്‍ സീരീസ് പരിശോധിച്ചതും ആമുഖമെഴുതിയതും ഡോ. ആലുവായ് ആയിരുന്നു. ഈ പാഠ്യപുസ്തകങ്ങളില്‍ ചിലത് പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഡിഗ്രിക്ക് വേണ്ടി അംഗീകരിക്കുകയുണ്ടായി. ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി പ്രസിദ്ധീകരിച്ചുവന്ന അദ്ദഅ്‌വാ എന്ന അറബി പാക്ഷികം ഏറ്റെടുത്ത് നടത്താന്‍ കേരള ഘടകത്തിന് മേല്‍ സമ്മര്‍ദ്ദം വന്നു. അതിനു വഴങ്ങാന്‍ കേരള ഘടകത്തിന് പ്രേരകമായത് ഡോ.ആലുവായുടെ പത്രാധിപത്യം മാത്രമായിരുന്നു. പക്ഷേ ഒന്നു രണ്ട് ലക്കങ്ങള്‍ ഇറങ്ങിയപ്പോഴേക്കും ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ജമാഅത്തിന്റെ മേല്‍ നരസിംഹറാവു സര്‍ക്കാറിന്റെ വിലക്ക് വീണപ്പോള്‍ അറബി മാഗസിനും മുടങ്ങിപ്പോയി.
'ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്്‌ലാമിക പ്രബോധനവും വികാസവും' എന്ന തന്റെ പ്രൗഢമായ ഗ്രന്ഥത്തിന്റെ കോപ്പി ഡോ.ആലുവായ് സമ്മാനിച്ചത് ഞാന്‍ ഇപ്പോഴും ഹോം ലൈബ്രറിയില്‍ വിലയേറിയ സ്വത്തായി സൂക്ഷിക്കുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ നിമിത്തമായ ഗവേഷണ ഗ്രന്ഥമാണത്. ഇന്ത്യയിലെ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ മതങ്ങളെ പരിചയപ്പെടുത്തുകയും ഇസ്്‌ലാമിക ആഗമനവും പ്രചാരവും വികാസവും സവിസ്തരം പ്രതിപാദിക്കുകയും ഇസ്്‌ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന പ്രസ്തുത അറബി ഗ്രന്ഥത്തിന് തുല്യമായി മറ്റൊന്ന്  ആ ഭാഷയിലില്ല എന്നു കരുതാനാണ് ന്യായം. ഇസ്്‌ലാമിനെയും അതിന്റെ ഭാഷയെയും വിശുദ്ധ ഖുര്‍ആനെയും അഗാധമായി സ്‌നേഹിച്ച ഡോ.മുഹ്‌യുദ്ദീന്‍ ആലുവായിക്ക് പ്രതിഭാധനരായ പിന്‍ഗാമികളെ തേടുകയാണ് വര്‍ത്തമാനകാല കേരളം.

ഒ. അബ്ദുര്‍റഹ്മാന്‍

Share

Add comment