Home / സമൂഹം / കുടുംബം / കുടുംബം-ലേഖനങ്ങള്‍ / കുടുംബജീവിതം: സൂറത്തു ത്വാഹ ആസ്പദമാക്കി ചില സന്ദേശങ്ങള്‍
sura-thwaha-family

കുടുംബജീവിതം: സൂറത്തു ത്വാഹ ആസ്പദമാക്കി ചില സന്ദേശങ്ങള്‍

ഖുര്‍ആന്‍ പൗരാണികസംഭവങ്ങളെ വിവരിക്കുന്ന കഥാപുസ്തകമല്ല. അനുഭവയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞ് മൗനത്തിന്റെ വല്മീകത്തില്‍ ഒളിച്ചിരിക്കാന്‍ അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. അടുത്തുനിന്ന് നിരീക്ഷിക്കുന്നപക്ഷം, അതിലെ ഓരോ സൂക്തവും അതിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടെ സൂക്ഷ്മാര്‍ഥവും പകര്‍ന്നുനല്‍കുന്നത് വ്യക്തവും ഹ്രസ്വവുമായ സന്ദേശമാണ്. തുറന്ന ഹൃദയവും ഗൗരവചിന്തയുമായി ഖുര്‍ആനിനെ സമീപിക്കുന്ന ആര്‍ക്കും അല്ലാഹുവിന്റെ യുക്തിയും മഹത്ത്വവും തിരിച്ചറിയാം. വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്ദേശങ്ങള്‍ വിവിധ അധ്യായങ്ങളില്‍നിന്ന് ലഭ്യമാണ്. എങ്കിലും അതില്‍ ഏറ്റവും പ്രസക്തമായത് ത്വാഹാ അധ്യായമാണെന്ന് കാണാനാകും.

മൂസാ നബിയുടെ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങള്‍ വിവരിക്കുന്ന ത്വാഹാ അധ്യായത്തില്‍ നിന്ന് ജീവിതത്തെക്കുറിച്ച ചില വെളിച്ചം പ്രസരിക്കാനാണീ കുറിപ്പ്.
‘മൂസായുടെ കഥ നിനക്കുവന്നെത്തിയോ? അദ്ദേഹം തീ കണ്ട സന്ദര്‍ഭം, അപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തോടു പറഞ്ഞു:’ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം’ (അല്‍ കഹ്ഫ് 9,10)
മേല്‍ രണ്ട് സൂക്തങ്ങള്‍ മനുഷ്യരാശിക്ക് പ്രയോജനപ്രദമാംവിധം പ്രധാനപ്പെട്ട പാഠങ്ങളാണ് നല്‍കുന്നത്. നമ്മുടെ കുടുംബജീവിതത്തില്‍ ഗുണപരമായ ഫലങ്ങളുണ്ടാക്കുന്ന പത്ത് പാഠങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഇത് കുടുംബത്തില്‍ മാത്രമല്ല, വാണിജ്യ, മാനേജ്‌മെന്റ്, വിദ്യാഭ്യാസ മേഖലയിലടക്കം പ്രൊഫഷണല്‍ രംഗത്ത് ഉപകാരപ്പെടും.

1. കുടുംബം ഒന്നാമത്

മൂസാ(അ) തന്റെ കുടുംബത്തിന്റെ സുരക്ഷയും സൗഖ്യവും ഉറപ്പുവരുത്തുന്നു. ശരീരംകോച്ചിവലിക്കുന്ന തണുപ്പുള്ള ആ രാത്രിയില്‍ ശ്രദ്ധയില്‍പെട്ട തീക്കനല്‍ കൊണ്ടുവരുന്നതുവരെ കാത്തുനില്‍ക്കാന്‍ കുടുംബത്തോട് പറയുന്നു. കുടുംബത്തിന്റെ വിഷയത്തില്‍ അവരെ അനിശ്ചിതത്വത്തില്‍ തള്ളിവിട്ടുകൊണ്ട് യാതൊരു നടപടിയുമില്ല.

2. പ്രത്യക്ഷഭീഷണി മറഞ്ഞ ദുരന്തത്തെക്കാളുത്തമം

മരുഭൂമിയുടെ ഘനാന്ധകാരംനിറഞ്ഞ വന്യതയില്‍ വഴിയറിയാതെ നില്‍ക്കവേ, കുടുംബത്തെ തനിച്ചാക്കി പോകുന്നതിന്റെ അപകടം മൂസാ (അ)യ്ക്ക് അറിയാമായിരുന്നു. എന്നാലും ആ കുടുംബത്തെയും കൂട്ടി തീ കണ്ട സ്ഥലത്തേക്ക ്‌പോകുന്നത് അതിനെക്കാള്‍ അപകടംനിറഞ്ഞതാണ് എന്നതിനാലാണ് അദ്ദേഹം അതിന് തുനിയാതിരുന്നത്. ദൂരെ കണ്ട അഗ്നിനാളങ്ങള്‍ ഒരുവേള കൊള്ളസംഘം ചൂടുകായാനും ഭക്ഷണം പാചകംചെയ്യാനും തീ കൂട്ടിയതിന്റെയാണെങ്കിലോ?

3. ദുരന്തങ്ങളുടെ വായിലേക്ക് എടുത്തുചാടാതിരിക്കുക
സുരക്ഷിതമായ ഇടത്തിലേക്ക് ചെന്നെത്താനുള്ള മാര്‍ഗം ആരാഞ്ഞുകൊണ്ട് തനിക്ക് വന്നുഭവിച്ചേക്കാവുന്ന അപകടത്തെ ഒറ്റക്കുനേരിടാന്‍ ആര്‍ജവം കാട്ടുകയാണ് മൂസാ (അ). വലിയൊരു അപകടസാധ്യത മുന്നിലുണ്ടായിരിക്കെ തീരുമാനമെടുക്കുകയെന്നത് നിര്‍ണായകമാണ്. സാമ്പത്തികമായും മാനസികമായും ആത്മീയമായും ശാരീരികമായും ലഘുവായ ഭീഷണിയെ അഭിമുഖീകരിക്കുകയെന്നതാണ് ഏറ്റവും ഉത്തമം.

4. അന്തിമതീരുമാനമെടുക്കുന്നത് ഒരാള്‍

ജീവിതം-മരണം, ആരോഗ്യം -രോഗം, സുരക്ഷ-ദുരന്തം തുടങ്ങി ഭിന്നഫലങ്ങളിലൊന്ന് അനിവാര്യമായും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മൂര്‍ത്തവും വ്യക്തവും ആശയക്കുഴപ്പങ്ങളില്ലാത്തതുമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും കൈക്കൊള്ളേണ്ട ഘട്ടങ്ങള്‍ ഏറെയാണ്. അത് കുടുംബത്തെ സംബന്ധിച്ചാകുമ്പോള്‍ നേതൃത്വം വഹിക്കാന്‍ ഏക ശബ്ദം ആവശ്യമാണ്.

5. കൂടെയുള്ളവരോടൊപ്പം ആശയവിനിമയം

ഘനാന്ധകാരത്തില്‍ അകലെയായി കാണപ്പെട്ട തീയിന്റെ നിജസ്ഥിതി അറിയാനും പറ്റിയാല്‍ അതിന്റെ പ്രയോജനം നേടാനുമുള്ള തന്റെ ഉദ്ദേശ്യം കുടുംബവുമായി കൂടിയാലോചിച്ചുറപ്പിച്ച ശേഷമാണ് അവരെ തനിച്ചാക്കി മൂസാ (അ) പോകുന്നത്. അത് തികച്ചും യുക്തിപരവും ആശയക്കുഴപ്പവുമില്ലാത്ത സംഗതിയാണ്. കൂടിയാലോചനയോ വിശദീകരണമോ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ അധികവും പരാതിക്കിട നല്‍കാറുണ്ട്. പ്രവാചകമാതൃകയ്ക്ക് തികച്ചും വിരുദ്ധമാണിത്. തന്നോടൊപ്പമുള്ളവരെ വിശ്വാസത്തിലെടുത്തുകൊണ്ടല്ലാതെ തീരുമാനങ്ങളും അധികാരപ്രയോഗങ്ങളും നേതൃത്വത്തിന് സാധ്യമാവുകയില്ല. നേതാവിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് തെറ്റായ തീരുമാനംമൂലമല്ല, മറിച്ച് മതിയായ കൂടിയാലോചനയില്ലാത്തതുകൊണ്ടാണ്.

6. അനന്തരഫലങ്ങള്‍ക്ക് വിധേയമാവുന്നവരോട് ചര്‍ച്ച

മൂസാ (അ) തന്റെ കുടുംബത്തില്‍ ഭാര്യയോട് മാത്രമല്ല സംസാരിച്ചത്. അതിനാല്‍ നമ്മുടെ കുടുംബത്തില്‍ വളരെ നിര്‍ണായകമായ വിഷയങ്ങളില്‍ പ്രായപൂര്‍ത്തിയായ ആണ്‍മക്കളോടും പെണ്‍മക്കളോടും ചര്‍ച്ചചെയ്യുന്നത് ഗുണപരമായ ആശയവ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കും. അവരുടെ ശബ്ദത്തെ അവഗണിക്കാനാണ് ശ്രമമെങ്കില്‍ ആ ശബ്ദം നമ്മെ പിന്നീടൊരിക്കലും കേള്‍പിക്കാന്‍ അവര്‍ താല്‍പര്യം കാട്ടില്ലെന്ന് മനസ്സിലാക്കുക.

7. നല്‍കാനാവാത്തത് വാഗ്ദത്തം ചെയ്യരുത്

മൂസാ നബി(അ) പറയുന്നു,’ഒരുപക്ഷേ, ഞാനവിടെനിന്ന് കൊണ്ടുവന്നുതരാം'(ത്വാഹാ 10). അദ്ദേഹം അക്കാര്യത്തില്‍ ഉറപ്പുകൊടുക്കുന്നില്ല. വാഗ്ദത്തം ലംഘിക്കുന്ന കുടുംബനാഥന്‍ വീട്ടിലുള്ളവരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാതെ പരാജയപ്പെടും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ കലഹകാരണമായിത്തീരാറുള്ളത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതാണെന്നതാണ് വസ്തുത. സത്യം മാത്രം പറയുക. മധുരവാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക.

8. വിഷമസന്ധിയിലും ശുഭചിന്തകള്‍

മൂസാ(അ) തനിക്ക് ആവശ്യമുള്ള സംഗതികളെന്തെന്ന് കണക്കുകൂട്ടിയിരുന്നു. മരുഭൂമിയിലെ രാത്രിയുടെ കോച്ചുന്ന തണുപ്പും ഘനാന്ധകാരവും മറികടക്കാന്‍ ആവശ്യമായ ചൂടും വെളിച്ചവും നല്‍കുന്ന കനല്‍കൊള്ളി കരസ്ഥമാക്കുകയെന്നതായിരുന്നു ഒരു ലക്ഷ്യം. അതോടൊപ്പം മുമ്പോട്ടുള്ള യാത്രാമാര്‍ഗത്തെക്കുറിച്ച് അറിയുകയെന്നതും ആവശ്യമായിരുന്നു. അതിനാല്‍ അമ്പേ പരാജയപ്പെട്ട ശ്രമം എന്ന് മറ്റുള്ളവര്‍ വിലയിരുത്തിയേക്കാവുന്ന ദുര്‍ഘടാവസ്ഥയിലും പരമാവധി നേട്ടങ്ങള്‍ കൊയ്യാനായിരിക്കണം ശ്രമം.

9. മുന്‍ഗണനാക്രമം

കുടുംബത്തിന് ആശ്വാസവും ആഹ്ലാദവും പകരുന്ന വിഷയമാണ് മൂസാ (അ) ആദ്യം സംസാരിക്കുന്നത്. അതായത്, ചൂടും വെളിച്ചവും പകരുന്ന തീക്കൊള്ളിയുമായി തിരിച്ചുവരാമെന്ന്. മറ്റുള്ള ആവശ്യങ്ങളെക്കാള്‍ മുന്‍ഗണന അതിന് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.

10. ഉത്തരവാദിത്വനിര്‍വഹണം

മൂസാ താന്‍ കൊണ്ടുവരാം എന്നുപറയുമ്പോള്‍ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണവിടെ തെളിയുന്നത്.തനിക്കുറപ്പുനല്‍കാനാകില്ലെന്ന് പറയുന്നതോടൊപ്പം അദ്ദേഹം ആ പരിശ്രമത്തിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ശുഭകരമാണ്. ഉത്തരവാദിത്വരാഹിത്യം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. അതിനാല്‍ തക്കസമയത്ത് നേതൃത്വം ഏറ്റെടുത്ത് ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് സ്ഥിതിഗതികള്‍ വഷളാവാതിരിക്കാന്‍ സഹായിക്കും.
മനുഷ്യജീവിതത്തിലെ അനുഭവങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഇഹലോകത്ത് ജനതതികള്‍ക്ക് മുന്നോട്ടുഗമിക്കാന്‍ വേണ്ട ഗുണപാഠങ്ങള്‍ നല്‍കുകയാണ് ഖുര്‍ആന്‍. മുന്‍ഗാമികളായ ജനതയില്‍നിന്ന,് അവര്‍ക്കുനേരിട്ട പരീക്ഷണങ്ങളില്‍നിന്ന് പാഠവും പ്രചോദനവും ഉള്‍ക്കൊള്ളണമെന്ന് നബിതിരുമേനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

About ibn abdillah

Check Also

secret marriage

അന്യനാട്ടില്‍ചെന്ന് രഹസ്യവിവാഹം ?

വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം …

No comments

Leave a Reply

Your email address will not be published. Required fields are marked *